മാർച്ച് 1 മുതൽ നിയമങ്ങളിൽ മാറ്റം! നിങ്ങളുടെ ജീവിതത്തെ ബാധിക്കാവുന്ന ഈ മാറ്റങ്ങൾ അറിയുക!
മാർച്ച് ഒന്നുമുതൽ നമ്മുടെ നിത്യജീവിതത്തെ സംബന്ധിക്കുന്ന നിരവധി നിയമങ്ങളിൽ പരിഷ്കാരങ്ങൾ വരാൻ സാധ്യത. പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും ഒന്നാം തീയതി മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് അധികൃതർ പറയുന്നത്. പൗരന്മാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന മാറ്റങ്ങളാണിതിൽ പ്രധാനം. എസ്.ബി.ഐ നിയമങ്ങൾ മുതൽ ഫാസ്ടാഗിൽവരെ മാറ്റങ്ങളുമായി പുതിയ മാർച്ച് നമ്മളിലേക്ക് വരിക.
സൗജന്യ ഫാസ്ടാഗ് ഇല്ല
ഫാസ്ടാഗ് നിർബന്ധമാക്കിയതിനെതുടർന്നുണ്ടായ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ നാഷനൽ ഹൈവേ അതോറിറ്റി ടോൾ പ്ലാസകളിൽ സൗജന്യമായി ഫാസ്ടാഗുകൾ നൽകിയിരുന്നു. രാജ്യത്തുടനീളമുള്ള ദേശീയ, സംസ്ഥാന ഹൈവേകളിലെ 770 ടോൾ പ്ലാസകളിലാണ് ഇത്തരത്തിൽ സൗജന്യ ഫാസ്ടാഗ് ലഭ്യമാക്കിയിരുന്നത്. മാർച്ച് ഒന്നുമുതൽ ഈ സൗജന്യം അവസാനിക്കുകയാണ്. ഇനിമുതൽ ടോൾ പ്ലാസകളിൽ നിന്ന് ഫാസ് ടാഗ് ലഭിക്കാൻ 100 രൂപ നൽകണമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ഫാസ്ടാഗുകൾ കൃത്യമായി റീഫിൽ ചെയ്യണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ഫാസ്ടാഗ് ബാലൻസ് പരിശോധിക്കാൻ ഉപയോക്താക്കൾക്ക് ‘മൈ ഫാസ്ടാഗ്’ ആപ്പ് ഉപയോഗിക്കാവുന്നതാണ്.
ഇന്ത്യൻ ബാങ്ക് എടിഎമ്മുകളിൽ 2000 രൂപ നോട്ട് ഉണ്ടാകില്ല
മാർച്ച് ഒന്നുമുതൽ ഇന്ത്യൻ ബാങ്ക് എടിഎമ്മുകളിൽ നിന്ന് 2,000 രൂപ നോട്ടുകൾ പിൻവലിക്കാനാവില്ല. 2000 രൂപ നോട്ട് ആവശ്യമുള്ളവർ ബാങ്ക് ശാഖകളിലെ കൗണ്ടറുകളിൽ നിന്ന് നേരിട്ട് കൈപ്പറ്റണമെന്നാണ് നിർദേശം. ‘എടിഎമ്മുകളിൽ നിന്ന് പണം പിൻവലിച്ച ശേഷം ഉപഭോക്താക്കൾ ചില്ലറക്കായി ബാങ്ക് ശാഖകളിലേക്ക് വരുന്നു. ഇത് ഒഴിവാക്കാൻ എടിഎമ്മുകൾ വഴി 2,000 രൂപ നോട്ടുകൾ നൽകേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു’ -ഇന്ത്യൻ ബാങ്ക് അധികൃതർ അറിയിച്ചു.
എസ്.ബി.ഐ അകൗണ്ടുകൾക്ക് കെ.വൈ.സി നിർബന്ധം
മാർച്ച് ഒന്നുമുതൽ തങ്ങളുടെ അകൗണ്ടുകൾ നിലനിർത്താൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് കെ.വൈ.സി നിർബന്ധമാണെന്ന് എസ്.ബി.ഐ അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച പൊതു അറിയിപ്പ് എസ്.ബി.ഐ പുറത്തിറക്കിയിട്ടുണ്ട്. കെവൈസി അപൂർണമായ അകൗണ്ട് ഉടമകളെ ബാങ്ക് വിവരം അറിയിക്കും. ഫോൺ മെസ്സേജുകളായും ഇ-മെയിലുകളുമായിട്ടാവും സന്ദേശം വരിക. അതിനാൽ മൊബൈൽ ഫോണിൽ അത്തരമൊരു മെയിൽ അല്ലെങ്കിൽ സന്ദേശം ലഭിച്ചിട്ടുണ്ടെങ്കിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതാണ്.
ഐ.എഫ്.എസ്.സി കോഡിൽ മാറ്റം
ബാങ്ക് ഓഫ് ബറോഡയുമായി ലയിപ്പിച്ച ബാങ്കുകളായ ഇ-വിജയ, ഇ-ദീന എന്നിവയുടെ ഐഎഫ്‌എസ്‌സി കോഡുകൾ മാർച്ച് ഒന്നു മുതൽ നിർത്തലാക്കും. പുതിയ ഐഎഫ്‌എസ്‌സി കോഡ് അറിയുന്നതിന്, ആ ബാങ്കുകളുടെ ഉപഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്ത മൊബൈലിൽ നിന്ന് 8422009988 ലേക്ക് എസ്എംഎസ് അയക്കണം. MIGR പഴയ അക്ക number ണ്ട് നമ്പറിന്റെ അവസാന 4 അക്കങ്ങൾ’ എന്ന രീതിയിലാണ് മെസ്സേജ് അയക്കേണ്ടത്. ഉപഭോക്താക്കൾക്ക് 1800 258 1700 എന്ന നമ്പറിൽ ബാങ്ക് ഓഫ് ബറോഡയുടെ ഹെൽപ്പ്ഡെസ്കിലേക്ക് വിളിച്ചും സംശയനിവാരണം വരുത്താം.
മുൻഗണനാ ക്രമത്തിൽ വാക്സിൻ വിതരണം
മാർച്ച് ഒന്നുമുതൽ കോവിഡ് -19 നെതിരായ രണ്ടാം ഘട്ട പ്രതിരോധ കുത്തിവയ്പ്പ് ഇന്ത്യയിൽ ആരംഭിക്കും. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും 45നും 59നും ഇടയിൽ രോഗാവസ്ഥയുള്ളവർക്കും മുൻഗണനാ വാക്‌സിനുകൾക്കായി സ്വയം രജിസ്റ്റർ ചെയ്യാം. മുതിർന്ന പൗരന്മാർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് മാത്രമേ ആവശ്യമുള്ളൂ. 45ന് മുകളിൽ പ്രായമുള്ളവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്. സ്വകാര്യ ആശുപത്രികൾ വാക്സിനുകളുടെ ഒരു ഡോസിന് 250 രൂപയാണ് ഈടാക്കുന്നത്.
Post a Comment