പതിനൊന്നാം രാവ് pdf ഡൌൺലോഡ് ചെയ്യാം

 ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (റ) കേരളമുസ്‌ലിംകള്‍ തലമുറകളായി ഭക്ത്യാദരപൂര്‍വ്വം സ്മരിച്ചുപോരുന്ന വ്യക്തിത്വമാണല്ലോ. ഹിജ്‌റാബ്ദം 470 ല്‍ ഇറാനിലെ ഥബ്‌രിസ്താന്‍ പ്രവിശ്യയോട് ചേര്‍ന്നുകിടക്കുന്ന ജീല്‍ എന്ന പ്രദേശത്താണ് ശൈഖവര്‍കള്‍ ജനിച്ചത്. ഈ സ്ഥലം ജീലാന്‍, കൈലാന്‍ എന്നീ  പേരുകളിലും അറിയപ്പെടും. അദ്ദേഹത്തെ സ്വദേശത്തേക്കു ചേര്‍ത്തിപ്പറയുമ്പോള്‍ ജീലി, ജീലാനി, കൈലാനി എന്നിങ്ങനെ വിവിധ രൂപത്തില്‍ പറയുന്നത് ഇതുകൊണ്ടാണ്. പിതാവ് അബൂ സ്വാലിഹ് അബ്ദുല്ലാ ബിന്‍ ജംഗി ദോസ്ത് (റ) നബിയുടെ പൗത്രന്‍ ഹസന്‍ ബിന്‍ അലി (റ) യുടെ പിന്‍തലമുറക്കാരനാണ്. അബൂ സ്വാലിഹിന്റെ സാക്ഷാല്‍ നാമം മൂസാ എന്നാണെന്നും ജംഗി ദോസ്ത് എന്നത് അദ്ദേഹത്തിന്റെ തന്നെ സ്ഥാനപ്പേരാണെന്നും അഭിപ്രായമുണ്ട്. മാതാവ് ശൈഖ് അബു അബ്ദില്ലാഹ് സൗമഈയുടെ മകള്‍ ഉമ്മുല്‍ ഖൈര്‍ (റ).
READ ALSO ___________________
________________________________

പിതൃകുടുംബവും മാതൃകുടുംബവും ദീനീ രംഗത്ത് നിറഞ്ഞുനില്‍ക്കുന്നവരും ഉന്നതരുമായിരുന്നു. വരള്‍ച്ച കാലങ്ങളില്‍ ജീലാനിലെ ജനങ്ങള്‍ ശൈഖവര്‍കളുടെ അമ്മായി (പിതൃസഹോദരി) ആഇശ (റ) യെ അഭയം പ്രാപിക്കുകയും അവരുടെ പ്രാര്‍ത്ഥനയുടെ ഫലമായി മഴ വര്‍ഷിക്കുകയും ചെയ്യുമായിരുന്നു. മാതാമഹനായ അബൂ അബ്ദില്ലാഹിസ്സൗമഈ (റ) ജീലാനിലെ പ്രമുഖ സൂഫി വര്യനും പ്രശസ്തനുമായിരുന്നു. ചെറുപ്പത്തിലേ പിതാവ് നഷ്ടപ്പെട്ട ശൈഖവര്‍കളെ സംരക്ഷിച്ചതും മാതാമഹന്‍തന്നെയായിരുന്നു. സിബ്ഥുഅബീ അബ്ദില്ലാഹീസ്സൗമഈ (അബൂ അബ്ദില്ലാഹിസ്സൗമഈയുടെ പേരക്കിടാവ്) എന്നാണ് നാട്ടുകാര്‍ക്കിടയില്‍ ശൈഖവര്‍കള്‍ അറിയപ്പെട്ടിരുന്നത്. അനുജനായ അബൂ അഹ്മദ് അബ്ദില്ല വൈജ്ഞാനിക രംഗത്ത് ശോഭിച്ചു നിന്നിരുന്നെങ്കിലും യൗവനത്തില്‍തന്നെ മരണമടഞ്ഞു.
അബ്ദുല്‍ ഖാദിര്‍ എന്ന നാമധേയമുള്ള ശേഖവര്‍കളുടെ കുന്‍യത് (ഇരട്ടപ്പേര്) അബൂ മുഹമ്മദ് എന്നായിരുന്നു. ഇസ്‌ലാം മതത്തെ ജീവത്താക്കിയവന്‍ എന്നര്‍ത്ഥമുള്ള മുഹ്‌യദ്ദീന്‍ എന്ന സ്ഥാനപ്പേരും.
സ്വദാശത്തെ പ്രാഥമിക പഠനത്തിനു ശേഷം പതിനെട്ടുകാരനായ അബ്ദുല്‍ ഖാദിര്‍ ഹി. 488 ല്‍ ഉന്നത പണ്ഡിതരുടെ പര്‍ണശാലയായ ബാഗ്ദാദിലെത്തി. ഹദീസിലും ഫിഖ്ഹിലും മറ്റെല്ലാ വിജ്ഞാന ശാഖകളിലും അവഗാഹം നേടി. അഹ്മദ് ബിന്‍ മുളഫ്ഫര്‍, അബുല്‍ ഖാസിം അലി ബിന്‍ അഹ്മദ് ബിന്‍ ബയാന്‍, അബൂ ഥാലിബ് ബിന്‍ യൂസുഫ് (റ) തുടങ്ങിയവരില്‍നിന്നാണ് ഹദീസ് പഠനം നിര്‍വ്വഹിച്ചത്. ഹമ്പലീ മദ്ഹബിലെ ഇമാമുകളായ അബുല്‍ വഫാ ബിന്‍ അഖീല്‍, അബുല്‍ ഖഥാബ്, അബുല്‍ ഹുസൈന്‍ മുഹമ്മദ്, അബൂ സഈദ് മുബാറക് അല്‍ മുകര്‍രിമി (റ) എന്നിവരില്‍നിന്ന് ഫിഖ്ഹും അനുബന്ധ ജ്ഞാനങ്ങളും നേടി. അബു സകരിയ്യഥ്ഥിബ്‌രീസിയില്‍നിന്ന് അറബി സാഹിത്യവും പഠിച്ചു.
READ ALSO: ________________________
ഗുരുവര്യനായിരുന്ന അബൂ സഈദ് മുഖര്‍റിമി (ര) യിലൂടെ സൂഫിസത്തിലെത്തിയ ശൈഖവര്‍കളുടെ ഇല്‍മുത്തസ്വവ്വുഫിലെ പ്രധാന ഗുരു ത്യാഗിവര്യനായ ശൈഖ് ഹമ്മാദു ബിന്‍ മുസ്‌ലിമിദ്ദബ്ബാസ് (റ) ആയിരുന്നു. ബഗ്ദാദിലെ ബാബുല്‍ അസജ്ജില്‍ അബൂ സഈദില്‍ മുഖര്‍റമീ (റ) ഒരു മദ്രസ (പാഠശാല) സ്ഥാപിച്ചിരുന്നു. അദ്ദേഹത്തിന്റെ അദ്ധ്യാപന കേന്ദ്രം അതു തന്നെയായിരുന്നു. പില്‍ക്കാലത്ത് ഈ മദ്രസയുടെ ചുമതല ശൈഖ് ജീലാനി ഏറ്റെടുക്കുകയുണ്ടായി. ഹമ്മദുദ്ദബ്ബാസ് വളരെ കര്‍കശവും കണിശവുമായ ശിക്ഷണമാണ് അദ്ദേഹത്തിന് നല്‍കിയിരുന്നത്.
നീണ്ട മുപ്പത്തിരണ്ടു വര്‍ഷത്തെ പഠനത്തിനും ആത്മ സംസ്‌കരണ പരിശീലനത്തിനും ശേഷം ഹി. 521 ല്‍ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (റ) പ്രബോധന-സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ ജീവിതം വിനിയോഗിക്കാന്‍ തുടങ്ങി. അപ്പോഴദ്ദേഹം ഹമ്പലി മദ്ഹബിലെ തന്റെ കാലത്തെ ഇമാമും ആദ്ധ്യാത്മിക രംഗത്തെ മഹാസാഗരവുമായിത്തീര്‍ന്നിരുന്നു.

പരിശീലന കാലഘട്ടത്തില്‍ ഏകാന്തവാസത്തിലും ശരീരേച്ഛകളില്‍നിന്നു മുക്തിനേടാനുള്ള കഠിനമായ ശിക്ഷണവുമായി മരുഭൂമിയിലും മറ്റുമായി കഴിഞ്ഞ ഒരു ഘട്ടമുണ്ടായിരുന്നു.
പഠനകാലത്തുതന്നെ തന്റെ ഔന്നത്യം ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചിരുന്നെങ്കിലും വിനയാന്വിതനായി മാത്രമേ അദ്ദേഹം അവരോട് ഇടപഴകിയിരുന്നുള്ളൂ. പേരു പറഞ്ഞാല്‍തന്നെ തിരിച്ചറിയുകയും ആദരവ് ലഭ്യമാവുകയും ചെയ്‌തേക്കാവുന്ന പല ഘട്ടങ്ങളിലും ജീലാന്‍കാരനായ ഒരു വിദ്യാര്‍ത്ഥി എന്നു മാത്രം പറഞ്ഞ് പരിചയപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തിരുന്നത്. പഠന ശിക്ഷണ കാലത്തെ ജീവിതം വളരെ ക്ലേശകരമായിരുന്നു. വിശപ്പ് സഹിക്കാനാവാതെ സാധാരണ ഗതിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ചില കായ്കളും ഇലകളും തിന്നുകൊണ്ടു അദ്ദേഹം ദിനങ്ങള്‍ തള്ളിനീക്കിയിട്ടുണ്ട്. വിശപ്പിന്റെ കാഠിന്യം മരണത്തിന്റെ വക്കോളമെത്തിയ സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. ക്ഷമാപൂര്‍വ്വം അല്ലാഹുവിന്റെ തീരുമാനത്തില്‍ സംതൃപ്തി അടയുകയാണ് അദ്ദേഹം ചെയ്തത്. മറ്റുള്ളവരുടെ കൈവശമുള്ളത് ഒരിക്കലും അദ്ദേഹം ആഗ്രഹിച്ചില്ല.
READ ALSO:____________________
________________________________
തന്റെ ഗുരുവര്യന്‍ സ്ഥാപിച്ച ബാബുല്‍ അസജ്ജിലെ മദ്രസയാണ് ശൈഖവര്‍കള്‍ തന്റെ അധ്യാപന കേന്ദ്രമായി തെരഞ്ഞെടുത്തത്. തഫ്‌സീര്‍, ഹദീസ്, മദ്ഹബുകള്‍, ഉസ്വൂല്‍, നഹ്‌വ് തുടങ്ങി പതിമൂന്നു വിജ്ഞാന ശാഖകള്‍ ഉള്‍കൊള്ളുന്നതായിരുന്നു തന്റെ ദര്‍സ്. ളുഹ്ര്‍ നിസ്‌കാരാനന്തരം ഖുര്‍ആന്‍ ഖിറാഅത്തുകള്‍ സഹിതം പഠിപ്പിക്കാറുണ്ടായിരുന്നു. ഹന്‍ബലി ഇമാമായിരിക്കെത്തന്നെ ഹമ്പലി മദ്ഹബിലും ശാഫിഈ മദ്ഹബിലും ഫത്‌വകള്‍ നല്‍കാറുണ്ടായിരുന്നു. സങ്കീര്‍ണമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കുന്ന തന്റെ ഫത്‌വകള്‍ ഇറാഖിലെ മറ്റു പണ്ഡിതരെ വിസ്മയിപ്പിക്കുന്നതും അവര്‍ക്ക് ആശ്വാസമേകുന്നതുമായിരുന്നു. ശൈഖവര്‍കളുടെ ബുദ്ധികൂര്‍മതയും അതിന് സഹായകമായിരുന്നു.
ഒരിക്കല്‍ പണ്ഡിതരെ കുഴക്കിയ ഒരു ഥലാഖ് ശപഥമുണ്ടായി. ഭാര്യയുടെ മൂന്നു ഥലാഖുകൊണ്ട് ഒരാള്‍ ശപഥം ചെയ്തത് ‘താന്‍ ചെയ്യുമ്പോള്‍ മറ്റാരും അതുപോലെ ചെയ്യാന്‍ ഇടവരാത്ത ആരാധന നിര്‍വഹിക്കു’ മെന്നായിരുന്നു. ശപഥം പാലിക്കാതിരുന്നാല്‍ വിവാഹബന്ധത്തിന് പൂര്‍ണ വിരാമമാകും. എന്നാല്‍ ഏതു ആരാധന ചെയ്താലും ലോകത്താരും തല്‍സമയം അതുപോലെ ചെയ്യുന്നില്ലെന്ന് എങ്ങനെ ഉറപ്പുവരുത്തും. ഈ ശപഥത്തില്‍ രക്ഷപ്പെടാന്‍ ഈ മനുഷ്യന്‍ എന്തുചെയ്യണം? പല പണ്ഡിതരും തല പുകഞ്ഞാലോചിച്ചിട്ടും പരിഹാരം നിര്‍ദ്ദേശിക്കാനായില്ല. പ്രശ്‌നം ശൈഖ് ജീലാനിയുടെ മുമ്പിലെത്തി. അദ്ദേഹം മറുപടി നല്‍കി: അയാള്‍ മക്കയില്‍ പോവുകയും കഅബയുടെ പരിസരത്തുനിന്ന് തല്‍ക്കാലം മറ്റുള്ളവരെ മാറ്റിനിര്‍ത്തുകയും ഇദ്ദേഹം ഒറ്റക്ക് ഏഴു പ്രാവശ്യം ഥവാഫ് ചെയ്യുകയും വേണം.

ശൈഖവര്‍കള്‍ പ്രത്യേകം ചിട്ടയോടെത്തന്നെ ഉപദേശങ്ങള്‍ക്കായി സമയം നീക്കിവെച്ചിരുന്നു. വാചാലവും ഹൃദ്യവും മനസ്സുകളെ സ്ഫുഡം ചെയ്‌തെടുക്കാന്‍ മാത്രം ഫലപ്രദവുമായ തന്റെ പ്രഭാഷണ വേദിയില്‍ നിഖില മേഖലകളിലുള്ളവരും പങ്കെടുക്കുമായിരുന്നു. രാജാക്കന്മാരും മന്ത്രിമാരും പണ്ഡിതന്മാരും സാധാരണക്കാരും ഇക്കൂട്ടത്തിലുണ്ടായിരിക്കും. ശൈഖവര്‍കളുടെ മകന്‍ അബ്ദുല്‍ വഹ്ഹാബ് (റ) പറയുന്നു: എന്റെ പിതാവ് ആഴ്ചയില്‍ മൂന്നു പ്രഭാഷണങ്ങള്‍ നടത്തുമായിരുന്നു. (പ്രധാന കേന്ദ്രത്തില്‍ വെച്ച്) വെള്ളിയാഴ്ച രാവിലെയും ചൊവ്വാഴ്ച വൈകുന്നേരവും രിബാഥില്‍ വെച്ച് ഞായറാഴ്ച രാവിലെയും. പണ്ഡിതരും കര്‍മശാസ്ത്ര വിശാരദരും ആത്മജ്ഞാനികളും മറ്റും അവിടെ സന്നിഹിതരാവുമായിരുന്നു. 40 വര്‍ഷം (മരണം വരെ) ഇതിനായി അദ്ദേഹം വിനിയോഗിച്ചു. അഥവാ ഹി. 521 മുതല്‍ 561 വരെ. ദര്‍സിനും ഫത്‌വ നല്‍കാനുമായി ചെലവഴിച്ചത് 33 വര്‍ഷമായിരുന്നു. അതായത് 538 മുതല്‍ 561 വരെ. അപ്പോള്‍ സഭയില്‍ പറയുന്നത് എഴുതി വെക്കാന്‍ 400 മഷിക്കുപ്പികള്‍ നിരന്നിരുന്നു.ദീനീ പ്രബോധന സംസ്‌കരണ രംഗത്ത് ശൈഖവര്‍കളുടെ ഉല്‍ബോധനങ്ങള്‍ വരുത്തിയ സ്വാധീനം  വര്‍ണനാതീതമാണ്. ഒട്ടേറെ ജൂതന്മാരും ക്രിസ്ത്യാനികളും ഇസ്‌ലാം ആശ്ലേഷിച്ചു. ബഗ്ദാദിലും അയല്‍പ്രദേശങ്ങളിലുമുള്ള ഭൂരിപക്ഷമാളുകളും പശ്ചാത്തപിച്ച് പാപമുക്തരായി. ശൈഖവര്‍കള്‍ തന്നെ ഒരവസരത്തില്‍ പറയുകയുണ്ടായി: എന്നില്‍നിന്ന് ഉപകാരമുണ്ടായിരിക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചു. അങ്ങനെ എന്റെ മുമ്പാകെ അഞ്ഞൂറിലധികം ആളുകള്‍ മുസ്‌ലമാവുകയും ഒരു ലക്ഷത്തിലധികം ആളുകള്‍ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തു.
പ്രവര്‍ത്തന കേന്ദ്രമായ ബാബുല്‍ അസജ്ജില്‍ തന്നെയാണ് ശൈഖവര്‍കള്‍ കൂടുതല്‍ സമയവും ചെലവഴിച്ചത്. മറ്റൊരു പ്രഭാഷണ കേന്ദ്രമായ രിബാഥിലേക്ക് വാരാന്ത പ്രഭാഷണത്തിന് പോകുമെന്നതല്ലാതെ വെള്ളിയാഴ്ച മാത്രമാണ് മിക്കവാറും പുറത്തുപോയിരുന്നത്. പഠിതാക്കളെയും ശ്രോദ്ധാക്കളെയും ഉള്‍കൊള്ളാന്‍ മദ്രസ പര്യാപ്തമല്ലാതായപ്പോള്‍ തല്‍ക്കാലം പ്രവര്‍ത്തന കേന്ദ്രം രിബാഥിനോട് ചേര്‍ന്നു കിടക്കുന്ന ബാഗ്ദാദിന്റെ അതിര്‍ത്തി പ്രദേശത്തേക്കു മാറുകയാണുണ്ടായത്. പിന്നീട് ധനികരും ദരിദ്രരുമടങ്ങിയ ജന സാമാന്യത്തിന്റെ സമ്പൂര്‍ണ സഹകരണത്തോടെ മദ്രസ വിപുലീകരിക്കുകയും പ്രവര്‍ത്തന കേന്ദ്രം ബാബുല്‍ അസജ്ജ് തന്നെ ആവുകയും ചെയ്തു. ജീവിതാവസാനം വരെ തന്റെ അധ്യാപനവും ആത്മീയ ശിക്ഷണ കാര്യങ്ങളും അദ്ദേഹം നിര്‍വഹിച്ചത് അവിടെ വെച്ചുതന്നെയായിരുന്നു.

ശൈഖവര്‍കളുടെ ശിഷ്യഗണങ്ങളില്‍ പ്രശസ്തരായ ഒട്ടേറെ പേരുണ്ട്. ഹമ്പലി മദ്ഹബിലെ ഒരു പ്രധാന ഗ്രന്ഥമായ മുഗ്‌നിയുടെ കര്‍ത്താവ് മുവഫ്ഫഖുദ്ദീന്‍ അബ്ദുല്ലാഗ് ബിന്‍ ഖുദാമ, തഖിയുദ്ദീന്‍ അബ്ദുല്‍ ഗനിയ്യ്, ശൈഖ് അലി ബിന്‍ ഇദ്‌രീസ്, അഹ്മദ് ബിന്‍ മുഥീഅ്, മുഹമ്മദ് ബിന്‍ ലൈസ്, അക്മല്‍ ബിന്‍ മസ്ഊദ് അല്‍ ഹാശ്മി, അബ്ദുല്ലഥീഫ് ബിന്‍ മുഹമ്മദ്, ശൈഖവര്‍കളുടെ തന്നെ സന്താനങ്ങളായ അബ്ദുല്‍ വഹാബ്, അബ്ദുര്‍ റസാഖ് (റ) തുടങ്ങിയവര്‍ ശിഷ്യരില്‍ പ്രമുഖരാണ്.
അല്ലാഹുവിന്റെ ദാസന്മാരെ അവനിലേക്കു അടുപ്പിക്കാനുള്ള തിരക്കുപിടിച്ച പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ശൈഖവര്‍കള്‍ ഏതാനും ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. വൈജ്ഞാനികാദ്ധ്യാപനങ്ങളും ആത്മീയമായ ഉല്‍ബോധനങ്ങളും സമ്മിശ്രമായ രീതിയാണ് അവര്‍ സ്വീകരിച്ചിരുന്നത്.

1. അല്‍ ഗുന്‍യതു ലി ഥാലിബില്‍ ഹഖ്

2. ഫുതൂഹുല്‍ ഗൈബ്

3. അല്‍ ഫത്ഹുര്‍റബ്ബാനി വല്‍ ഫൈളുര്‍റഹ്മാനി എന്നിവയാണവ.

അലി മൗലവി ഇരിങ്ങല്ലൂര്‍, 

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close