കമ്പനികള്‍ സിഎസ് ആര്‍ പണം കൊണ്ട് ജീവനക്കാര്‍ക്ക് വാക്സിന്‍ നല്‍കാന്‍ അനുവദിക്കണമെന്ന് കിരണ്‍ മസുംദാര്‍ ഷാ
കോര്‍പ്പറേറ്റ് റെസ്പോണ്‍സിബിലിറ്റി ഫണ്ട് ഉപയോഗിച്ച് ജീവനക്കാര്‍ക്ക് വാക്സിന്‍ നല്‍കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് അനുമതി നല്‍കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ച് ബയോകോണ്‍ മേധാവി കിരണ്‍ മസുംദാര്‍ ഷാ. നിലവില്‍ 500 കോടി രൂപയിലേറെ മൊത്തം ആസ്തിയുള്ളതോ 1000 കോടിയിലേറെ വരുമാനമുള്ളതോ അഞ്ച് കോടി രൂപയിലേറെ മൊത്തലാഭമോ ഉള്ള കമ്പനികള്‍ ശരാശരി ലാഭത്തിന്‍റെ രണ്ട് ശതമാനം സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വയ്ക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
കെപിഎംജിയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ കോര്‍പ്പറേറ്റ് കമ്പനികള്‍ 8,691 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സിഎസ്ആറിനായി മാറ്റിവച്ചിട്ടുള്ളത്. നിലവിലുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ജനങ്ങള്‍ക്ക് 50000 കോടി രൂപയാണ് വാക്സിനേഷനായി ചെലവാക്കേണ്ടി വരുക. എന്നാല്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ ഇത്തരമൊരു തീരുമാനം സര്‍ക്കാരിന്‍റെ പിന്തുണയോടെ നടപ്പിലാക്കിയാല്‍ അത് സര്‍ക്കാരിന് ഇപ്പോഴുള്ള അവസ്ഥയില്‍ വലിയ ആശ്വാസമാകും. മണി കണ്‍ട്രോളിന് നല്‍കിയ എക്സ്ക്ലൂസീവ് അഭിമുഖത്തിലാണ് മസുംദാര്‍ഷാ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ബിറ്റ് കോയിന്‍ മൂല്യം മൂന്നു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തലത്തില്‍
2020 ലെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ ബിറ്റ് കോയിന്‍ മൂല്യം. ബിറ്റ് കോയിന്‍ മൂല്യം 18,000 ഡോളര്‍ നിരക്കാണ് കടന്നത്. ഡിസംബര്‍ 2017 ലെ 18, 175 ഡോളറായിരുന്നു ഇതിനുമുമ്പ് രേഖപ്പെടുത്തിയി ഉയര്‍ന്ന മൂല്യം. നാണ്യപ്പെരുപ്പ തോതിനെ മറികടക്കാനുള്ള ആസ്തി എന്ന നിലയില്‍ സ്വീകാര്യത വര്‍ധിച്ചതാണ് മൂല്യവര്‍ധനയ്ക്ക് കാരണമായത്. ഓൺലൈൻ വഴിയും മൊബൈൽ ആപ്പുകൾ വഴിയും വിനിമയം ചെയ്യുന്ന കറൻസിയാണ് ബിറ്റ് കോയിൻ. ശക്തമായ സുരക്ഷാ നെറ്റ് വർക്കും ഇടനിലക്കാരില്ലാതെ വിനിമയം നടത്താമെന്നതും പരിഗണിച്ചാണ് പലരും ബിറ്റ് കോയിനെ ഭാവി കറൻസിയായി പരിഗണിക്കുന്നത്.
കോവിഡ് വാക്സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി ഫൈസര്‍
ഫൈസര്‍ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണത്തിനൊടുവില്‍ തയ്യാറായ അന്തിമ ഫലത്തില്‍ 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. രണ്ട് മാസത്തെ സേഫ്റ്റി ഡേറ്റ വാക്സിനുണ്ടെന്നും ദിവസങ്ങള്‍ക്കകം യുഎസ് ഓതറൈസേഷന് ഒരുങ്ങുകയാണ് തങ്ങളെന്നും കമ്പനി വ്യക്തമാക്കി. ബയോ എന്‍ടെക്കുമായി ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിന്‍ മുതിര്‍ന്നവര്‍ക്കുപോലും രോഗം ബാധിക്കുന്നത് തടഞ്ഞുവെന്നും ഗുരുതര സുരക്ഷാ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കമ്പനി പറയുന്നു.
പരീക്ഷണത്തില്‍ പങ്കാളികളായ 43,000 വോളന്റിയര്‍മാരില്‍ 170 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 162 പേര്‍ക്കും വാക്‌സിനെന്ന പേരില്‍ മറ്റു വസ്തുവാണ് നല്‍കിയത്. വാക്‌സിനെടുത്ത എട്ടുപേര്‍ക്ക് മാത്രമാണ് കോവിഡ് ബാധിച്ചത്. വാക്‌സിന്റെ കാര്യക്ഷമത 90 ശതമാനമാണെന്ന് ഇതോടെയാണ് ബോധ്യപ്പെട്ടത്. ഇതിനു ശേഷം നടത്തിയ വിശകലനങ്ങളിലാണ് വിദഗ്ധ സംഘം വാക്സിന്‍ 95 ശതമാനവും ഫലപ്രദമെന്ന് കണ്ടെത്തിയിട്ടുള്ളത്. വാക്‌സിന്റെ കാര്യക്ഷമതയും സുരക്ഷിതത്വവും സംബന്ധിച്ച പരീക്ഷണങ്ങളില്‍ ലഭിച്ച വിവരങ്ങളെല്ലാം ദിവസങ്ങള്‍ക്കകം യുഎസ് എഫ്ഡിഎക്ക് സമര്‍പ്പിക്കാനാണ് ഫൈസറിന്റെ നീക്കം.
ഈ വര്‍ഷം 25 ദശലക്ഷം പേരിലേക്കെത്താനുള്ള 50 ദശലക്ഷം വാക്സിന്‍ ഉല്‍പ്പാദിപ്പിക്കാനാണ് ഫൈസറിന്‍റെ പദ്ധതി. 1.3 ലക്ഷം കോടി അധിക വാക്സിനുകള്‍ അടുത്ത വര്‍ഷം ഉല്‍പ്പാദിപ്പിക്കാനും കമ്പനി പദ്ധതിയിട്ടിട്ടുണ്ട്.
ലോകത്തിലെ മൂന്നാമത്തെ സമ്പന്നനായി ഇലോണ്‍ മസ്ക്
110 ബില്യണ്‍ ഡോളര്‍ ആസ്തിയുമായാണ് ലോക കോടീശ്വര പട്ടികയില്‍ മസ്‌ക് മൂന്നാമതായത്. ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ മറികടന്നാണ് ടെസ് ലയുടെയും സ്‌പെയ്‌സ് എക്‌സിന്റെയും സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് സമ്പന്ന പട്ടികയിലെ മൂന്നാമനായത്. 2020 ല്‍ മാത്രം ഇലോണ്‍ മസ്‌കിന്റെ ആസ്തിയിലുണ്ടായ വര്‍ധന 82.2ബില്യണ്‍ ഡോളറാണ്. ലോകത്തെ 500 കോടീശ്വരന്മാരുടെ ഇടയില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ വ്യക്തിയും മസ്ക് തന്നെ. ബ്ലൂംബര്‍ഗ് ബില്യണയേഴ്‌സ് സൂചിക അനുസരിച്ച് 7.6 ബില്യണ്‍ ഡോളറിന്റെ അധികനേട്ടമാണ് കഴിഞ്ഞ രണ്ടുദിവസംകൊണ്ട് ( നവംബര്‍ 17, 18 ) മസ്‌കിന് സ്വന്തമാക്കാനായത്. ടെസ് ലയുടെ ഓഹരി വില കുതിച്ചതോടെയാണ് മസ്കിന്‍റെ സമ്പത്തും മുന്നേറിയത്.
ജിഎസ്ടി നഷ്ടപരിഹാരം; വായ്പ സ്വീകരിക്കാന്‍ തയ്യാറായി കേരളം
ജിഎസ്ടി നഷ്ടപരിഹാര വിഷയത്തിൽ കേന്ദ്ര നിലപാടിനോട് ഇത്രയും കാലം എതിർപ്പു നിലനിർത്തിയിരുന്ന കേരള സര്‍ക്കാര്‍ വായ്പ സ്വീകരിക്കാൻ തീരുമാനിച്ചു. മുഴുവൻ നഷ്ടപരിഹാരവും ഈ വർഷംതന്നെ കേന്ദ്രം വായ്പയെടുത്തു നൽകണമെന്നായിരുന്നു ഇതുവരെയുള്ള വാദം. എന്നാല്‍ ഇപ്പോള്‍ വായ്പ സ്വീകരിക്കാന്‍ താല്‍പര്യം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയതായാണ് റിപ്പോര്‍ട്ട്. കേരളത്തിനു നഷ്ടപരിഹാര ഇനത്തിൽ ഏകദേശം 6000 കോടി രൂപയും 0.5% അധിക വായ്പയായി ഏകദേശം 2000 കോടിയും അടുത്ത 3 മാസത്തിൽ ലഭിക്കും. ഈ വർഷം കോവിഡ് ഇനത്തിലുള്ള നഷ്ടപരിഹാരം നികത്താൻ 1.1 ലക്ഷം കോടി രൂപ സംസ്ഥാനങ്ങൾ വായ്പയെടുക്കണമെന്നും ബാക്കിത്തുക 2022 മുതൽ നൽകുമെന്നുമാണ് കേന്ദ്രം വ്യവസ്ഥ വച്ചിരുന്നത്. ഇതിനെ കേരളമുൾപ്പെടെ ഏതാനും സംസ്ഥാനങ്ങൾ പ്രാരംഭത്തില്‍ മുതല്‍ എതിര്‍പ്പിലായിരുന്നു.
എയർ ഏഷ്യ ഇന്ത്യയിലെ സേവനം അവസാനിപ്പിക്കുന്നതായി റിപ്പോർട്ടുകൾ
കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇന്ത്യയിൽ ടാറ്റാ സൺസ് ലിമിറ്റഡുമായി ചേർന്ന് പ്രവർത്തിക്കുന്ന ബജറ്റ് എയർലൈന്‍സായ മലേഷ്യയുടെ എയർ ഏഷ്യ ഇന്ത്യയിലെ സേവനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ജപ്പാനിലെയും ഇന്ത്യയിലെയും ബിസിനസുകൾ നഷ്ടത്തിലാണെന്നും ഇത് ഗ്രൂപ്പിന് വളരെയധികം സാമ്പത്തിക സമ്മർദ്ദമുണ്ടാക്കുന്നുണ്ടെന്നും എയർ ഏഷ്യ പ്രസ്താവനയിൽ പറഞ്ഞു. ചെലവ് ചുരുക്കലിന്റെ ഭാഗമായി ജപ്പാനിലുള്ള എയർ ഏഷ്യ അടുത്തിടെ അടച്ചുപൂട്ടിയിരുന്നു.
മൊബൈല്‍ നിര്‍മാണ കമ്പനികള്‍ 50000 പേര്‍ക്ക് ജോലി നല്‍കും
പിഎല്‍ഐ സ്കീമിനു കീഴില്‍ 50000 പേര്‍ക്ക് തൊഴില്‍ നല്‍കാനൊരുങ്ങി രാജ്യത്തെ മൊബൈല്‍ നിര്‍മാണ മേഖല. ഇന്ത്യയില്‍ ഹാന്‍ഡ് സെറ്റുകളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഇത്. ആഭ്യന്തര - ആഗോള കമ്പനികള്‍ കൂടുതല്‍ നിര്‍മാണ കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ സജ്ജമാക്കുന്നതോടെ കൊറോണ പ്രതിസന്ധി മൂലം തൊഴില്‍ നഷ്ടമായ നിരവധി സാങ്കേതിക ജീവനക്കാര്‍ക്ക് തൊഴില്‍ നേടാന്‍ സഹായകമാകുമെന്നാണ് വ്യക്തമാകുന്നത്. 2021 മാര്‍ച്ച് ഓടെ ഈ മേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഓട്ടോ, ഫിനാന്‍സ് ഓഹരികളുടെ ബലത്തില്‍ വിപണി മുന്നേറി
ഓട്ടോ, ഫിനാന്‍സ് കമ്പനികളുടെ മെച്ചപ്പെട്ട പ്രകടനത്തിന്റെ ബലത്തില്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്‌സ് 227.34 പോയ്ന്റ് ഉയര്‍ന്ന് 44180.05 പോയ്ന്റിലും നിഫ്റ്റി 64.10 പോയ്ന്റ് ഉയര്‍ന്ന് 12938.30 പോയ്ന്റിലും ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചു. 1496 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1100 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. 153 ഓഹരികളുടെ വിലയില്‍ ഇന്ന് മാറ്റമൊന്നുമുണ്ടായില്ല.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിന്‍സെര്‍വ്, എല്‍ ആന്‍ഡ് ടി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയവയാണ് ഇന്ന് ഏറെ നേട്ടമുണ്ടാക്കിയത്. അതേസമയം ബിപിസിഎല്‍, എച്ച് യു എല്‍, ഡേ റെഡ്ഡീസ് ലാബ്‌സ്, ഐറ്റിസി, ടൈറ്റാന്‍ കമ്പനി തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
കേരള കമ്പനികളുടെ മാറ്റങ്ങൾ
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. 18 കമ്പനികളുടെ ഓഹരി വിലയില്‍ വര്‍ധനയുണ്ടായപ്പോള്‍ എട്ടു കമ്പനികള്‍ക്ക് മാത്രമാണ് കാലിടറിയത്. 12.11 ശതമാനം വര്‍ധനയോടെ ഹാരിസണ്‍സ് മലയാളമാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ കേരള കമ്പനി. 11.20 രൂപ വര്‍ധിച്ച് കമ്പനിയുടെ ഓഹരി വില 103.70 രൂപയിലെത്തി. മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസിന്റേത് 10.22 ശതമാനം വര്‍ധിച്ച് (41.35 രൂപ) 446 രൂപയിലും വണ്ടര്‍ലാ ഹോളിഡേയ്‌സിന്റേത് 8.63 ശതമാനം (15.40 രൂപ) വര്‍ധിച്ച് 193.85 രൂപയിലുമെത്തി.
Post a Comment