സൂപ്പര്‍മാര്‍ക്കറ്റിൽ ഇനി വരി നിൽക്കേണ്ട, പുതിയ ടെക്നോളജിയുമായി ആമസോൺ


ഉപഭോക്താക്കളെ സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളിലൊന്ന് ഇഷ്ടമുള്ള സാധനങ്ങള്‍ ആവശ്യത്തിന് സമയമെടുത്ത് തെരഞ്ഞെടുക്കാം എന്നതാണ്. എന്നാൽ, ഇതൊക്കെ കഴിഞ്ഞ് പണം കൊടുക്കാന്‍ വരുമ്പോള്‍ കാണുന്ന നീണ്ട വരിയാണ് ഏറ്റവും മടുപ്പിക്കുന്ന കാഴ്ച്ചകളിലൊന്ന്. ഇതിന് പരിഹാരമായി ആവശ്യത്തിന് സാധനങ്ങളെടുത്ത് വരി നില്‍ക്കാതെ നേരെ പുറത്തേക്ക് പോകാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന സൗകര്യമൊരുക്കുകയാണ് ആമസോണ്‍. 
തങ്ങളുടെ പുതിയ സൂപ്പര്‍മാര്‍ക്കറ്റുകളിലാണ് ആമസോണിന്റെ പരീക്ഷണം നടക്കുന്നത്. പ്രത്യേകതരം ഡാഷ് കാര്‍ട്ടുകളും ക്യാമറളും സെന്‍സറുകളും ചേര്‍ന്നാണ് ഉപഭോക്താക്കളെ സാധനങ്ങളെടുത്ത് നേരെ പുറത്തേക്ക് പോകാന്‍ അവസരമൊരുക്കുന്നത്.

പ്രത്യേകം തയാര്‍ ചെയ്ത ഷോപ്പിങ് കാര്‍ട്ടുകളാണ് ഉപഭോക്താക്കളെടുക്കുന്ന സാധനങ്ങളുടെ എണ്ണവും വിലയും കണക്കുകൂട്ടുന്നത്. പിന്നീട് ഓണ്‍ലൈനായി പണം ഈടാക്കുകയും ചെയ്യും. ഈ സൗകര്യം ഉപയോഗിക്കണമെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ അക്കൗണ്ടും സ്മാര്‍ട് ഫോണും ആവശ്യമാണ്. ഓരോ ഷോപ്പിങ് കാര്‍ട്ടുകളിലും ഒരു ക്യുആര്‍ കോഡുണ്ടാകും. ഇത് ആമസോണ്‍ ആപ്ലിക്കേഷന്‍ വഴി സ്‌കാന്‍ ചെയ്യുകയാണ് ആദ്യ പടി. 

പിന്നീട് പതിവു പോലെ സാധനങ്ങള്‍ എടുത്ത് കാര്‍ട്ടിലിടാം. ഷോപ്പിങ് പൂര്‍ത്തിയായാല്‍ സാധനങ്ങളുമായി പുറത്തേക്ക് പോവുകയും ചെയ്യാം. ഇതിനകം തന്നെ ആമസോണ്‍ ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുകയും ചെയ്തിട്ടുണ്ടാകും. അമേരിക്കയിലെ സിയാറ്റിലില്‍ ഇത്തരം കാഷിയറില്ലാത്ത സൂപ്പര്‍മാര്‍ക്കറ്റ് ആമസോണ്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഏതാണ്ട് 25ഓളം ആമസോണ്‍ സ്‌റ്റോറുകളില്‍ ഇപ്പോള്‍ തന്നെ ഇതേ സാങ്കേതിവിദ്യ ഉപയോഗിക്കുന്നുണ്ട്. 
അതേസമയം സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ഈ സാങ്കേതികവിദ്യയെ കൊണ്ടുവരുന്നത് ആദ്യമായാണ്. 
ഇത്തരം സ്മാര്‍ട് ഷോപ്പിങ് കാര്‍ട്ടുകള്‍ നേരത്തെ തന്നെ പല സ്റ്റാര്‍ട്ട് അപ്പുകളും അവതരിപ്പിച്ചിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗത്തിലും എടുക്കുന്ന സാധനങ്ങള്‍ കസ്റ്റമര്‍ തന്നെ സ്‌കാന്‍ ചെയ്യേണ്ടതുണ്ട്. എന്നാല്‍, ആമസോണ്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ പലയിടത്തായി സ്ഥാപിച്ചിരിക്കുന്ന ക്യാമറകളും സെന്‍സറുകളും ഷോപ്പിങ് കാര്‍ട്ടുമാണ് ഈ ജോലി ചെയ്യുന്നത്. ഷോപ്പിങ് ആരംഭിക്കുന്നതിന് മുൻപ് ഒരു തവണ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുക മാത്രമേ ഉപഭോക്താക്കള്‍ ചെയ്യേണ്ടതുള്ളൂ. സാങ്കേതികവിദ്യയുടെ പുതിയ സാധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള നീക്കം ആമസോണിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close