1400 വർഷങ്ങൾക്ക് മുമ്പുള്ള ക്വാറന്റീൽ വിശേഷങ്ങൾ





കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിയാനുള്ള നിര്‍ദേശങ്ങളുടെ ഉപജ്ഞാതാവ് മുഹമ്മദ് നബിയാണെന്ന് വിലയിരുത്തല്‍. മഹാമാരിയെ ചെറുക്കാനുള്ള ഫലപ്രദമായ മാര്‍ഗമെന്ന നിലയില്‍ 'ഐസൊലേഷന്‍' 'ക്വാറന്റയിന്‍' എന്നിവ 1400 വര്‍ഷങ്ങള്‍ക്ക് മുമ്ബുതന്നെ പ്രവാചകന്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു എന്നാണ് മാര്‍ച്ച്‌ 17 ന് പ്രസിദ്ധീകരിച്ച അമേരിക്കന്‍ ന്യൂസ് വീക്ക് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആര്‍ട്ടിക്കിള്‍ ആയാണ് അമേരിക്കന്‍ ന്യൂസ് വീക്ക് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇത് ഏറെ ചര്‍ച്ചയാവുകയും വന്‍ പ്രതികരണങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.
സൗദിയിലെ അറബ് പ്രാദേശിക പത്രങ്ങളും ഞായറാഴ്ച വളരെ പ്രാധാന്യത്തോടെ ഈ ആര്‍ട്ടിക്കിള്‍ പുനഃപ്രസിദ്ധീകരിക്കുകയുമുണ്ടായി.




പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് മുഹമ്മദ് നബി നിര്‍ദേശിച്ച 'ക്വാറന്റയിന്‍' പ്രാക്ടീസിങ് അത്തരത്തിലുള്ള ആദ്യത്തെ അധ്യാപനമാണെന്നാണ് ലേഖകന്‍ ക്രെയ്ഗ് കോണ്‍സിഡിന്‍ ചൂണ്ടിക്കാണിക്കുന്നത്. അതുപോലെ, ശുചിത്വം, കൈകളും മുഖവും കഴുകാനുള്ള നിര്‍ദേശങ്ങള്‍ തുടങ്ങിയവയെല്ലാം പ്രവാചക അധ്യാപനങ്ങളുടെ മാഹാത്മ്യവും അവയുടെ സാര്‍വകാലിക പ്രസക്തിയും വിളിച്ചോതുന്നുവെന്നും ലേഖനത്തില്‍ എടുത്തുപറയുന്നു. അതുകൊണ്ടുതന്നെ കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിയാനുള്ള നിര്‍ദേശങ്ങളുടെ ഉപജ്ഞാതാവ് മുഹമ്മദ് നബിയാണെന്നാണ് വിലയിരുത്തല്‍.




'മഹാമാരി തടയാന്‍ പ്രാര്‍ത്ഥന മാത്രം മതിയോ?' എന്ന തലവാചകത്തിലുള്ള ന്യൂസ് വീക്കിലെ ലേഖനം, മനുഷ്യന്‍ ചെയ്യേണ്ടുന്ന മുന്‍കരുതലുകളും ജാഗ്രതയും ആണ് പ്രാര്‍ത്ഥനയ്ക്ക് മുമ്ബായി വേണ്ടതെന്ന് ചൂണ്ടികാണിക്കുന്നു. മുഹമ്മദ് നബിയുടെ അധ്യാപനങ്ങള്‍ ഇതാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് ഓര്‍മിപ്പിക്കുന്ന ലേഖകന്‍ 'ഒട്ടകത്തെ കെട്ടിയിട്ട ശേഷമായിരിക്കണം നിങ്ങള്‍ ദൈവത്തില്‍ ഭരമേല്‍പിക്കേണ്ടത്' എന്ന മുഹമ്മദ് നബിയുടെ പ്രസിദ്ധമായ വാചകവും ഉദ്ധരിക്കുന്നുണ്ട്.

ഡോക്ടര്‍ ആന്റണി ഫ്യൂച്ചിയെപ്പോലുള്ള ഇമ്മ്യൂണോളജിസ്റ്റുകളും സഞ്ജി ഗുപ്തയെപ്പോലുള്ള മെഡിക്കല്‍ കറസ്പോണ്ടന്റുമാരും പറയുന്നത് വ്യക്തിഗത ശുചിത്വവും ഐസൊലേഷനുമാണ് കോവിഡ് 19 പോലുള്ള മഹാമാരിയെ കീഴ്പ്പെടുത്താനുള്ള ഏറ്റവും ഉചിതമായ മാര്‍ഗം എന്നാണ്.

കോവിഡ് വിഷയത്തില്‍ സി എന്‍ എന്‍ അറബി ചാനല്‍ അടുത്തിടെ പ്രക്ഷേപണം ചെയ്ത റിപ്പോര്‍ട്ടും ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു. 'പകര്‍ച്ച വ്യാധി ഉണ്ടാകുമ്ബോള്‍ അത് തടയാന്‍ വ്യക്തിഗത ശുചിത്വവും ക്വാറന്റയിനും നിര്‍ദേശിച്ച ഒരാളെ അറിയാമോ' എന്ന് ചോദിച്ച ചാനല്‍ അവതാരകന്‍ അത് മുഹമ്മദ് നബിയാണെന്ന് പറയുകയും ചെയ്യുന്നു.

'1300 വര്‍ഷങ്ങള്‍ക്ക് മുമ്ബ്, മാരകമായ പകര്‍ച്ച വ്യാധി നേരിടുന്ന അവസ്ഥയില്‍ വിദഗ്ദനല്ലായിരുന്ന മുഹമ്മദ് നബി പറഞ്ഞു: നിങ്ങള്‍ ഒരു പ്രദേശത്തു പകര്‍ച്ച വ്യാധി ഉണ്ടായതായി അറിഞ്ഞാല്‍, അവിടേയ്ക്കു പോകരുത്, നിങ്ങള്‍ ഉള്ള സ്ഥലത്ത് അതുണ്ടായാല്‍ നിങ്ങള്‍ അവിടെ നിന്ന് പുറത്തു പോവുകയും ചെയ്യരുത്'. ആധുനിക ക്വാറന്റയിന്‍ കണ്‍സപ്റ്റ് ആണ് നബിയുടെ പ്രസ്തുത അധ്യാപനം. 'പകര്‍ച്ച വ്യാധി ബാധിച്ചവരെ അതില്ലാത്തവരില്‍ നിന്ന് അകറ്റി നിര്‍ത്തണം' എന്ന നബിവചനവും ന്യൂസ് വീക്ക് ലേഖനം ഉദ്ധരിക്കുന്നു.

രോഗം വന്നവനും ആരോഗ്യവാനും തമ്മില്‍ അകലം പാലിക്കേണ്ടതിന്റെ അനിവാര്യതയോടൊപ്പം വ്യക്തിഗത ശുചിത്വത്തിന്റെ പ്രാധാന്യവും മുഹമ്മദ് നബി പഠിപ്പിച്ചിട്ടുണ്ട്. 'ശുചിത്വം വിശ്വാസത്തിന്റെ ഭാഗമാണ്' എന്ന അദ്ദേഹത്തിന്റെ വാചകം ലേഖകന്‍ ഉദ്ധരിച്ചു. 'ഉണര്‍ന്നാല്‍ നീ ആദ്യം കൈ രണ്ടും കഴുകണം, കാരണം ഉറക്കത്തില്‍ അവ എവിടെയായിരുന്നു എന്ന് നിനക്ക് അറിയില്ല' , 'ആഹാരം കഴിക്കുന്നതിന് മുമ്ബും പിമ്ബും കൈ രണ്ടും കഴുകുന്നതിലാണ് ആഹരിക്കുന്നതിലെ ധന്യത' തുടങ്ങിയ പ്രവാചക ഉപദേശങ്ങളും ന്യൂസ് വീക്ക് ലേഖനത്തില്‍ എടുത്തുപറയുന്നു.

ന്യൂസ് വീക്കിന്റെ മുഹമ്മദ് നബിയെ കുറിച്ചുള്ള ലേഖനം സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായ ചര്‍ച്ചയ്ക്ക് വഴിവെച്ചുവെന്ന് സി എന്‍ എന്‍ അവതാരകന്‍ പറഞ്ഞു. യു എ ഇ ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് സൈഫ് സായിദ് ആലു നഹ്യാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനോട് പ്രതികരിക്കുകയും ഒരു പകര്‍ച്ച വ്യാധി വിദഗ്ദനല്ലാത്ത മുഹമ്മദ് നബി ആയിരത്തി നാനൂറു കൊല്ലങ്ങള്‍ക്ക് മുമ്ബ് നടത്തിയ ആഹ്വാനങ്ങള്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ ഇന്നും പ്രസ്‌കതമാവുന്നത് ചൂണ്ടിക്കാണിക്കുകയും ചെയ്തതായും അവതാരകന്‍ എടുത്തു പറയുന്നു.




Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close