പണം മുടക്കാതെ എങ്ങിനെ നമ്മുടെ ആരോഗ്യം സംരക്ഷിക്കാം


Top Stories|Trending|Specials|Videos| More

ആരോഗ്യം നിലനിര്‍ത്തണോ? ഇക്കാര്യങ്ങള്‍ ശീലമാക്കൂ
By: ഡോ.പി.കെ സുനില്‍


എവിടേയും, സ്വീകാര്യമായ രീതിയിൽ ,ചിലവു കുറഞ്ഞ ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുക എന്നതാണ് ഇതിന്റെ കാതൽ. ലോകാരോഗ്യ ദിനം പ്രമാണിച്ച് ഇതാ ഏതാനും ഹെൽത്ത് ടിപ്പുകൾ

മടിയൻ മല ചുമക്കും എന്ന് കേട്ടിട്ടില്ലേ .. വേറൊരു തരത്തിൽ പറഞ്ഞാൽ മേലനങ്ങാതെ മടിയന്മാരായി നടന്നാൽ അധികം താമസിയാതെ രോഗ ദുരിതങ്ങളുടെ മല ചുമക്കേണ്ടി വരും നാം.

ജിമ്മിൽ പോകണം എന്നോ ട്രെഡ് മിൽ വാങ്ങണമെന്നോ നിർബന്ധബുദ്ധി വേണ്ട. നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക.നടത്തം ,ഓട്ടം ,നീന്തൽ ,ബാഡ്മിന്റൺ, ക്രിക്കറ്റ് ,ഫുട്ബോൾ തുടങ്ങിയ കളികൾ എന്നിവയിൽ ഏതെങ്കിലും ആവട്ടെ ,പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാൽ മതി! മാർഗം ഏതായാലും നമുക്ക് വ്യായാമം ചെയ്യാൻ കഴിയണം.

ചുരുങ്ങിയത് ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും മുപ്പത് മിനുട്ട് വീതം വ്യായാമം ചെയ്യണം.
ആരോഗ്യദായകമായ ഭക്ഷണ ശൈലി സ്വീകരിക്കണം. മൂന്നു നേരം മൂക്കു മുട്ടേ ചോറോ അരിപ്പലഹാരങ്ങളോ തിന്നുന്നത് ഒഴിവാക്കണം. ധാന്യങ്ങളും മത്സ്യ മാംസാദികളും പയറുവർഗങ്ങളും പച്ചക്കറികളും പഴവർഗങ്ങളും നിത്യേനയുള്ള ആഹാരത്തിന്റെ ഭാഗമാക്കണം. ഊണുമേശയിലെ നമ്മുടെ പ്ലേറ്റൊന്നു നോക്കൂ.ഒരു കുന്നു ചോറും ,അരികത്തായി ഇത്തിരി വീതം കറികളും അല്ലേ? ഒന്നു മാറ്റിപ്പിടിക്കൂ...

പാത്രത്തിന്റെ നാലിലൊന്നു മതി ചോറോ മറ്റ് ധാന്യങ്ങളോ. ബാക്കി മേൽപ്പറഞ്ഞ വിഭാഗം ഭക്ഷണ പദാർത്ഥങ്ങളാവട്ടെ.

ജങ്ക് ഫുഡ്സ് ഒഴിവാക്കണം.ഈ ആഗോള ഭീമന്മാരുടെ നുരയുന്ന കുറേ വർണ പാനീയങ്ങളില്ലേ. അതിനോടൊക്കെ ഒരു ബൈ പറഞ്ഞേക്കൂ. നമ്മുടെ ദാഹം ശമിപ്പിക്കുന്നില്ലെന്നത് മാത്രമല്ല ,അവയുടെ സ്ഥിരമായ ഉപയോഗം എല്ലുകളെ ദ്രവിപ്പിക്കുന്നതിനും നമ്മുടെ ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നതിനും ഇടയാക്കും.

ഉപ്പ് ,പഞ്ചസാര എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.

നാം ഒരു ദിവസം കഴിക്കുന്ന ഉപ്പ് നമുക്ക് വേണ്ടതിലും എത്രയോ ഏറെയാണെന്നോ !അച്ചാർ ,ഉണക്കമീൻ ,കൊണ്ടാട്ടം ,ഉപ്പിലിട്ടത് ,പപ്പടം .... ഒക്കെ നല്ല രസാണ് കഴിക്കാൻ.. പക്ഷേ എത്ര ഉപ്പാണ് നമ്മുടെ ശരീരത്തിൽ എത്തുന്നത്. അതു കൊണ്ട് ഇവയൊന്നും തന്നെ നമ്മുടെ നിത്യ വിഭവങ്ങളാവരുത്.

ശരീരഭാരം അഭികാമ്യമായ രീതിയിൽ നിലനിർത്തണം.
വ്യായാമവും ആഹാരരീതിയുമെല്ലാം ഇതിന് പ്രധാനമാണെന്ന് പറയേണ്ടതില്ലല്ലോ. എങ്ങനെയാണ് നമ്മുടെ ശരീരഭാരം നമുക്ക് ആവശ്യത്തിൽ കൂടുതൽ ആണോ എന്ന് തീർച്ചപ്പെടുത്തുക

സംഗതി സിമ്പിൾ ആണ്. ഒരു കുഞ്ഞു കണക്കാണ്. നിങ്ങളുടെ പൊക്കത്തിൽ (സെന്റിമീറ്ററിൽ ) നിന്ന് 100 കുറയ്ക്കുക. അത്രയും തൂക്കമാണ് (കിലോഗ്രാമിൽ) നിങ്ങൾക്ക് വേണ്ടത്.

ഉദാഹരണത്തിന് 160 സെന്റിമീറ്റർ ഉയരമുള്ള ആൾക്ക് 160 - 100 = 60 കിലോഗ്രാം തൂക്കമാണ് വേണ്ടത്.

ഓരോ കാലത്തും നാട്ടിൽ ലഭ്യമായ പഴവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മാർക്കറ്റിൽ നിന്നും ലഭിക്കുന്ന വിലയേറിയ ഇറക്കുമതി ചെയ്യപ്പെട്ട ഫലങ്ങൾക്ക് നമ്മുടെ മാങ്ങ ,പേരക്ക തുടങ്ങിയവയേക്കാൾ മേനി നടിക്കാൻ, ആ വിലയേക്കാൾ മറ്റ് ഗുണമൊന്നും ഇല്ലെന്ന് ഓർക്കുക.

ആവശ്യത്തിനനുസരിച്ച് വെള്ളം കുടിക്കണം.

ശുദ്ധജലം കിട്ടാക്കനിയായ ഇക്കാലത്ത് തിളപ്പിച്ചാറിയ വെള്ളം കുടിക്കണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ജീവിതത്തിലെ വിവിധ സമ്മർദ്ദങ്ങളാണ് നമ്മുടെ ആരോഗ്യത്തെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്. ജോലി നമുക്ക് ജീവിക്കാൻ അത്യന്താപേക്ഷിതമാണ്. എന്നാൽ കുട്ടികൾക്ക് ഹോം വർക്ക് കിട്ടുന്നത് പോലെ , നമ്മുടെ ജോലിയുടെ ഒരു പങ്ക് വീട്ടിലേക്ക് കൊണ്ടു വരരുത്. ഫയൽ നോട്ടവും ബിസിനസും മറ്റും നമ്മുടെ കുടുംബത്തോടൊപ്പമുള്ള സമയം അപഹരിക്കാൻ ഇടവരുത്തരുത്.

എല്ലാവർക്കും തിരക്കുകളുണ്ട്.ഒരു ദിവസം ഇരുപത്തിനാല് മണിക്കൂറേ എല്ലാവർക്കും ഉള്ളൂ താനും. തിരക്കുകൾ മാറ്റി വെച്ച് ഈ സമയം ഫലപ്രദമായി ചിലവഴിക്കാൻ സാധിച്ചാൽ, നമുക്കും എല്ലാത്തിനും സമയമുണ്ടാകും. കുട്ടികൾക്ക് ഒപ്പം കളിക്കാനും ,അവർക്ക് കഥ പറഞ്ഞു കൊടുക്കാനും ,ഫേസ് ബുക്ക് നോക്കാനും ,പുസ്തകങ്ങൾ വായിക്കാനും ,എഴുതാനും ,യാത്രകൾ പോകാനും എല്ലാം ...

ഒന്നോർക്കൂ ... 'ഞാൻ ലീവ് എടുത്താൽ ശരിയാവില്ല 'എന്ന ചിന്തയാൽ നിങ്ങൾ കുടുംബത്തോടൊപ്പമോ ,സുഹൃത്തുക്കളോടൊപ്പമോ ചിലവഴിക്കേണ്ട എത്രയോ അമൂല്യ നിമിഷങ്ങൾ നഷ്ടപ്പെടുത്തി കാണും?

ചങ്ങാതീ ,ഏതാനും ദിവസം നിങ്ങളില്ലെങ്കിലും നിങ്ങളുടെ സ്ഥാപനം നന്നായി നടക്കും.ചെറിയ ഇടവേളകൾ എടുക്കൂ... കുടുംബത്തോടോ കൂട്ടുകാരോടോ ഒപ്പം അടിച്ചു പൊളിക്കൂ. റീചാർജ് ചെയ്ത് കൂടുതൽ ഉന്മേഷത്തോടെ തിരിച്ചു വന്നു നന്നായി ജോലി ചെയ്യൂ.

എത്ര ഉയർന്ന പദവിയിലുള്ള ആളാണെങ്കിലും ഗൗരവമുള്ള ഒരസുഖം വന്നാൽ മതി. അയാളുടെ സ്ഥിതി മാറാൻ! അയാൾ ദുർബലനാകും ,അയാൾക്ക് പരാശ്രയമില്ലാതെ വയ്യെന്നാകും. എന്തിന് അയാളുടെ ജീവിതമേ മാറിപ്പോകാം. കൃത്യമായ ചികിത്സയും സാന്ത്വനവും കൂട്ടും വേണ്ടി വരും ജീവിതം തിരിച്ചു പിടിക്കാൻ. അതു കൊണ്ട് സ്വന്തം ആരോഗ്യത്തിന്മേൽ രണ്ടു കണ്ണും വേണം.

പിന്നെ ഓരോ രോഗം വരുമ്പോഴും അനുഭവ സാക്ഷ്യങ്ങളുടേയും വാട്സാപ്പ് ഫോർവേഡുകളുടേയും പുറകേ പോവാതിരിക്കുക. ശാസ്ത്രീയമായ ചികിത്സാ രീതികൾ സ്വീകരിക്കുക.
ജീവിതത്തിൽ പ്രണയം കാത്തു സൂക്ഷിക്കുക

പ്രണയത്തേക്കാൾ ജീവിതത്തെ സുന്ദരമാക്കുന്ന മറ്റൊന്നുമില്ല തന്നെ.എന്നാൽ പ്രണയത്തിന്റെ വഴിത്താരകളിൽ ഇടറി വീണ് സമ്മർദ്ദമേറ്റാതിരിക്കാനും ശ്രദ്ധിക്കുക.

ഈ ലോകത്തിന് നിങ്ങൾക്ക് സമ്മാനിക്കാനാവുന്ന ഏറ്റവും മഹത്തായ കാര്യം നിങ്ങളുടെ പുഞ്ചിരിയാണ്.

നിങ്ങളുടെ നിറഞ്ഞ പുഞ്ചിരി നിങ്ങൾക്ക് ചുറ്റുമുള്ളവരുടെ ജീവിതത്തിലും പ്രകാശം പരത്തും. മാത്രമല്ല നിങ്ങളുടേയും കൂടെയുള്ളവരുടെയും ആരോഗ്യവും പരിപോഷിപ്പിക്കപ്പെടും.

മനോഹരമായ ഒരു പുഞ്ചിരി നിങ്ങളുടെ മുഖത്തും ഹൃദയത്തിലും സന്തത സഹചാരിയാവട്ടെ ..ഏവർക്കും ആരോഗ്യം ആശംസിക്കുന്നു ...

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close